ഇത് നിര്‍മ്മാണത്തിലുള്ള സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം


കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കിലെ കാഞ്ഞങ്ങാട് ബ്ളോക്കില്‍പ്പെട്ടിരുന്ന കള്ളാര്‍      ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബര്‍ ഒന്നിനാണ് രൂപീകൃതമായത്. 2014 -ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ വരുന്ന കള്ളാര്‍ , പനത്തടി കോടോം ബേലൂര്‍ , ബളാല്‍ , കിനാനൂര്‍ കരിന്തളം, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി എന്നീ ഗ്രമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വെള്ളരിക്കുണ്ട് ആസ്ഥാനമാക്കി വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് കള്ളാര്‍ വെള്ളരിക്കുണ്ട് താലൂക്കിലാണ് ഉള്‍പ്പെടുന്നത്. 60.83 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കുറ്റിക്കോല്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് പനത്തടി പഞ്ചായത്തും, തെക്കുഭാഗത്തായി ബളാല്‍ പഞ്ചായത്തും, പടിഞ്ഞാറു ഭാഗത്തായി കോടോം ബേളൂര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളും  അതിരിടുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പ്രദേശത്ത് റബ്ബര്‍, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവ പ്രധാനമായും കൃഷിചെയ്തു പോരുന്നു. ചന്ദ്രഗിരിപുഴ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സായി മാറിയിരിക്കയാണ്. നീലിമല, കോട്ടകുന്ന്, മുത്തപ്പന്‍മല, ഓണിമല തുടങ്ങിയ മലകളാലും കുന്നുകളാലും നിബിഡമായ ഈ പ്രദേശം പ്രകൃതിരമണീയമാണ്. മുത്തപ്പന്‍മല ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. കാഞ്ഞങ്ങാട് സംസ്ഥാന പാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കോളിച്ചാല്‍ പാലം, കള്ളാര്‍ പാലം, മുങ്ങോട്ട് പാലം, എവനിക്കരപാലം തുടങ്ങിയ പാലങ്ങള്‍ ഗതാഗതദൈര്‍ഘ്യം കുറയ്ക്കുന്നതിനും പ്രാദേശിക വികസനത്തിനും   വലിയൊരു പങ്കു വഹിക്കുന്നു. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്ന പഞ്ചായത്താണ് കള്ളാര്‍. കള്ളാര്‍ ശ്രീമഹാവിഷ്ണുക്ഷേത്രം, അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ ഹിന്ദു ആരാധനാലയങ്ങള്‍. ഹോളി ഫാമിലി ഫെറോന ചര്‍ച്ച്, ലൂര്‍ദ് മാതാ ചര്‍ച്ച്, സെന്റ് തോമസ് ചര്‍ച്ച്, ഉണ്ണി മിശിഹാ ചര്‍ച്ച് തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. കള്ളാര്‍ ജുമാമസ്ജിദ്, കോട്ടോടി ജുമാമസ്ജിദ്, കോളിച്ചാല്‍ ജുമാ മസ്ജിദ് എന്നിവ ഇവിടുത്തെ മുസ്ലീം പള്ളികളാണ്. ഇവയോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്രോത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ട് നേര്‍ച്ചകളിലും മറ്റ് ഉത്സവങ്ങളിലും ജാതിമതഭേദമെന്യേ എല്ലാമതസ്ഥരും പങ്കെടുക്കുന്നു. പഞ്ചായത്തിലെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായ എച്ച്.നാരായണഭട്ടിന്റെ പേര് എന്നും സ്മരിക്കപ്പെടേണ്ടതാണ്. കായികരംഗത്തെ വ്യക്തികള്‍ക്ക് പ്രോത്സാഹനമായി ഒരു മിനി സ്റ്റേഡിയം പഞ്ചായത്തിലുണ്ട്. അയ്യന്‍ കാവ്,   കള്ളാര്‍ എന്നിവിടങ്ങളിലെ ഉഷസ് വായനശാലയും ഗ്രാമീണ വായനശാലയും ഗ്രാമവാസികളുടെ സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, രാജപുരം മാലക്കല്ല് ഹോസ്പിറ്റല്‍, സി.എച്ച്.ഡി. പനത്തടി എന്നിവ പഞ്ചായത്തിലെ ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളാണ്.